- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിക്ക് സ്‌നേഹസ്മരണയൊരുക്കി മന്ന ചാരിറ്റബിൾ ട്രസ്റ്റ്
പുതുപ്പള്ളി : ജനങ്ങൾക്കിടയിലില്ലാതെ ജനഹൃദയത്തിൽ മാത്രമായി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മാറിയിട്ട് ഒരു വർഷം തികയുന്ന വേളയിൽ ഉമ്മൻ ചാണ്ടിക്ക് സ്‌നേഹസ്മരണയൊരുക്കി മന്ന ചാരിറ്റബിൾ ട്രസ്റ്റ്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ചേർന്നാണ് മന്നാ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചരമ വാർഷീകത്തോട് അനുബന്ധിച്ചാണ് ഉമ്മൻ ചാണ്ടി സ്‌നേഹസ്പർശം എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്നു.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നും തെളിയിച്ച ദീപശിഖ ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന അധിപൻ യൂഹാനോൻ മാർ ദിയസ്‌കോറോസ്, സീറോ മലബാർ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൻ, പാലാ ശ്രീരാമ കൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ, ഉമ്മൻ ചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മൻ എന്നിവർ ചേർന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും,സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളിക്ക് കൈമാറികൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്തി.
ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റും വലയം തീർത്തിരുന്ന ആൾകൂട്ടങ്ങളായിരുന്നുവെന്ന് യൂഹാനോൻ മാർ ദിയസ്‌കോറോസ് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി, അവർക്ക് നടുവിൽ ജീവിച്ച രാഷ്ട്രീയ നേതാവിന്റെ ഓർമ്മ ദിനം സാമൂഹ്യ സേവനങ്ങളിൽ അധിഷ്ടിതമാകണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൻ ഓർമ്മപ്പെടുത്തി. സാധാരണക്കാർക്കൊപ്പം എപ്പോഴും നിലകൊണ്ട നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടി എന്നും ഓർമ്മിക്കപ്പെടുമെന്ന് സ്വാമി വീതസംഗാനന്ദ അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തോട് അനുബന്ധിച്ച് ജൂലൈ 14 ന് അദ്യ മെഡിക്കൽ ക്യാമ്പ് നടത്തും. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് ഇടുക്കി ജില്ലയിലെ ഉമ്മൻ ചാണ്ടി നഗറിലായിരിക്കും ആദ്യ മെഡിക്കൽ ക്യാമ്പ്. ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, പുതുപ്പള്ളി പള്ളി വികാരി ഫാ. വർഗീസ് വർഗീസ്, മറിയ ഉമ്മൻ, റോബർട്ട് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9846022933