കുവൈത്ത് സിറ്റി: എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ അടുത്ത ബന്ധുക്കൾക്ക് അവസരം ഒരുങ്ങുന്നു. ആശുപത്രിയിലുള്ളവരുടെ അടുത്ത ബന്ധുക്കളെ സന്ദർശക വീസയിൽ കുവൈത്തിൽ എത്തിക്കും. വിദഗ്ധ ചികിത്സയ്ക്കു നാട്ടിലേക്കു പോകേണ്ടവർക്കും സൗകര്യം ഏർപ്പെടുത്തുമെന്ന് എൻബിടിസി കമ്പനി ആസ്ഥാനത്തു നടത്തിയ അനുശോചന യോഗത്തിൽ അധികൃതർ വ്യക്തമാക്കി.

മരിച്ചവരുടെ അനന്തരാവകാശികൾക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസ ചെലവ് എന്നിങ്ങനെയുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസ് സ്വദേശികളും ഉൾപ്പെടെ 49 പേരാണു മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടു പേരുടെ കരുതൽ തടവ് രണ്ട് ആഴ്ചത്തേക്കു കൂടി നീട്ടി. രണ്ടു പേർ എൻബിടിസി ജീവനക്കാരും ഒരാൾ സ്വദേശിയും മറ്റുള്ളവർ പുറംജോലിക്കരാർ കമ്പനിയുടെ ജീവനക്കാരുമാണ്. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.