വിദ്യാനഗർ: വീട്ടുവളപ്പിലെ തെങ്ങ് വൈദ്യുത കമ്പി സഹിതം റോഡിലേക്ക് പൊട്ടിവീണു. വഴിയിലൂടെ കാർ ഓടിച്ചു വരികയായിരുന്ന വനിത രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ചെട്ടുംകുഴിയിലെ സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. ഉളിയത്തടുക്ക ഭാഗത്തേക്കു പോകുകയായിരുന്നു കാർ തെങ്ങ് വീഴുന്നതു കണ്ട് നിർത്തുകയായിരുന്നു. ഇതിനു പിറകിൽ പൊലീസ് കൺട്രോൾ വാഹനം ഓടിച്ചു വരികയായിരുന്നു സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്.

കാർ നിർത്തിയത് എന്തെന്നറിയാൻ ഇതിൽ ഉണ്ടായിരുന്ന വിദ്യാനഗർ എസ്‌ഐ വിജയൻ മേലത്ത് ഇറങ്ങി നോക്കിയപ്പോഴാണ് റോഡിൽ തെങ്ങ് കുറുകെ വീണതു കണ്ടത്. 2 മിനിറ്റു മുൻപ് കടന്നിരുന്നു എങ്കിൽ തെങ്ങ് കാറിനു മേൽ വീഴുമായിരുന്നു അദ്ദേഹം പറഞ്ഞു. റോഡിനു കുറുകെ വീണ തെങ്ങ് അഗ്‌നിശമന സേന മുറിച്ചു മാറ്റിയതോടെയാണ് 15 മിനിറ്റ് നീണ്ട വാഹന ഗതാഗതതടസ്സം ഒഴിവായത്. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന നേരത്തായിരുന്നു അപകടം.