ഇടുക്കി: മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇടുക്കി പൈനാവ് സ്വദേശി കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് ഇന്ന് പുലർച്ചെ രിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അന്നക്കുട്ടിയുടെ കൊച്ചുമകൾ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തിൽ പൊള്ളൽ ഏറ്റിരുന്നു. കേസിൽ പ്രതിയായ കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തയത്. ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ അന്നക്കുട്ടിയെ ആക്രമിച്ചത്. സന്തോഷിന്റെ ഭാര്യയുടെ സഹോദരന്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിലിരിക്കേ വീണ്ടുമെത്തി വീടുകൾക്ക് തീയിട്ടിരുന്നു. അതിന് ശേഷം ബൈക്കിൽ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനെ ബോഡിമെട്ട് ചെക്കു പോസ്റ്റിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.