ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നൽ കുത്തേറ്റ് 13 പേർക്ക് പരിക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30തോടെയാണ് സംഭവം.

ബാലരാമപുരം പഞ്ചായത്തിലെ മണലിയിൽ വാർഡിലെ പുല്ലൈകോണം തോട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ ആക്രമണം. തോട്ടിനുള്ളിലെ പാഴ്ചെടികൾ മാറ്റുന്നതിനിടെ കടന്നൽകൂട് തകരുകയായിരുന്നു.

14,17,19 വാർഡുകളിലെ 52 പേർ തൊഴിലുറപ്പ് ജോലിചെയ്യുമ്പോഴാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വാസന്തി, ഗീത എന്നിവരെയാണ് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാന്തകുമാരി, സിന്ധു, പ്രീത, മര്യദാസ്, മറിയ തങ്കം, ബിന്ദുകല, സിസിലി, റാണി, രാധ എന്നിവർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

കൂട്ടത്തോടെ വന്ന കടന്നലിനെ കണ്ട് നിലത്ത് കിടന്നും ഓടിയും മാറിയത് കൂടുതൽപേർക്ക് രക്ഷയായി. വലിപ്പം കൂടിയ ഇനത്തിലുള്ള കടന്നലാണ് കുത്തിയത്. കുത്തേറ്റവർക്ക് വലിയ തോതിൽ തലക്കറക്കവും തലവേദനയും അനുഭവപ്പെട്ടു. വിൻസെന്റ് എംഎ‍ൽഎ ഉൾപ്പെടെ വിവിധ നേതാക്കൾ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു.