തിരുവനന്തപുരം വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരം എക്‌സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. 65 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. മദ്യം കടത്തിക്കൊണ്ടുവന്ന പ്രതി കെൽസനാണ് അറസ്റ്റിലായത്.

നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സജീവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ സുധീഷ് ബി.സി, വിപിൻ പി.എസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷിബു റ്റി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മറ്റൊരു സംഭവത്തിൽ തൃശൂർ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിലായി. നാട്ടിക എസ്എൻ കോളേജിനു സമീപത്തു വച്ചാണ് ബിരുദ വിദ്യാർത്ഥിയായ എഡ്വിൻ എന്ന യുവാവ് 10 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടമുട്ടം പാലപ്പെട്ടി സ്വദേശിയായ ശ്രീഹർഷ് എന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു.