പത്തനംതിട്ട: ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിനിയായ മകളോട് മോശമായി പെരുമാറിയ വയോധികന്റെ മുഖത്തടിച്ച് പെൺകുട്ടിയുടെ അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസിൽ വച്ച് മകളോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ ചുമത്തി പ്രകാരം കേസെടുത്തു.

അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കു നേർക്ക് ബസിൽവച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാൾ പെൺകുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നു. സ്‌കൂൾ കഴിഞ്ഞ് ബസിൽ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയെ രാധാകൃഷ്ണ പിള്ള പിന്തുടരുകയും ചെയ്തു. തുടർന്ന് ബസിറങ്ങിയ പെൺകുട്ടി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു. വീട് സമീപത്ത് തന്നെയായതിനാൽ അമ്മ സ്ഥലത്തേക്ക് ഓടിയെത്തി. ഈ സമയം ഒരു കടയിൽ കയറി നിൽക്കുകയായിരുന്നു രാധാകൃഷ്ണ പിള്ള.

തുടർന്ന് പെൺകുട്ടിയും അമ്മയും ഇയാളുടെ അടുത്തെത്തി കാര്യം ചോദിച്ചു. എന്നാൽ ഈ സമയം പെൺകുട്ടിയുടെ അമ്മയോട് രാധാകൃഷ്ണപിള്ള തട്ടിക്കയറി. തുടർന്നാണ് പെൺകുട്ടിയുടെ അമ്മ രാധാകൃഷ്ണന്റെ മുഖത്തടിച്ചത്. തുടർന്ന് ഇയാളുടെ മുഖത്തുനിന്ന് ചോര പൊടിഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്ന് വ്യക്തമായത്. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോക്സോ വകുപ്പ് ചേർത്ത് രാധാകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ (ശനിയാഴ്ച) കോടതിയിൽ ഹാജരാക്കുമെന്ന് ഏനാത്ത് പൊലീസ് അറിയിച്ചു.