- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറളം ഫാമിൽ നാടൻതോക്കുമായി നായാട്ടിനെത്തി; മൂന്നു പേർ അറസ്റ്റിൽ
ഇരിട്ടി: ആറളം ഫാമിൽ നാടൻതോക്കുമായി നായാട്ടിനെത്തിയ പൊലീസ് അറസ്റ്റുചെയ്തു. വിയറ്റ്നാം സ്വദേശി കുഞ്ഞിക്കണ്ടി പറമ്പിൽ വിബീഷ് മാത്യു (41), വീർപ്പാട്ടെ തേക്കുമലയിൽ ടി.ആർ.വിനോദ് (51), ആറളം ഫാം ബ്ലോക്ക് 12-ലെ താമസക്കാരൻ പാലുമ്മ പി.കെ.രാജേന്ദ്രൻ (34) എന്നിവരെയാണ് ആറളം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴോടെ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും പട്രോളിങ്ങിനിടെ ഫാം ബ്ലോക്ക് മൂന്നിൽ കള്ളുചെത്ത് തൊഴിലാളികളുടെ ഷെഡിന് സമീപം സംശയകരമായ സാഹചര്യത്തിൽ മൂവരെയും കണ്ടെത്തുക ആയിരുന്നു.
വനം വകുപ്പിന്റെ വാഹനം കണ്ടയുടൻ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുനിർത്തി ആറളം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് പ്രതികൾ വലിച്ചെറിഞ്ഞ തോക്കും തിരയും കണ്ടെത്തിയത്. ഫാമിൽ തെങ്ങ് പാട്ടത്തിനെടുത്ത് കള്ള് ചെത്തുന്നവരാണ് വിനോദും രാജേന്ദ്രനും. വിബീഷ് മാത്യുവിന്റെ വീട്ടിൽനിന്ന് വനം വകുപ്പ് അധികൃതർ മാനിറിച്ചി പിടിച്ചെടുത്തിരുന്നു. ആറളം ഫാം ഉൾപ്പെടെ പുനരധിവാസമേഖലയിൽ നായാട്ട് സംഘം സജീവമാണെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ ലഭിച്ചിരുന്നു.
വനംവകുപ്പ് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.മഹേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മനോജ് വർഗീസ്, സി.അനൂപ്, എ.കെ.അനൂപ്, വാച്ചർമാരായ അശോകൻ, ബാലകൃഷ്ണൻ, ഗണേശ് കുമാർ, സജു പാറശ്ശേരി, ഡ്രൈവർ ജിജോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആറളം പൊലീസ് ഇൻസ്‌പെക്ടർ പി.എം.മനോജ്, എസ്‌ഐ.സിറാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.