തിരുവനന്തപുരം: കേരള സർക്കാരിന്റെ സഹകരണത്തോടെ ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്‌നോപാർക്കിലെ സി-ഡാക് ആംഫി തിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ഐ.സി.ടി. അക്കാദമി ചെയർമാൻ ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി. വിഭാഗം സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ മുഖ്യപ്രഭാഷണം നടത്തും. കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ്-ചാൻസലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്-ചാൻസലർ ഡോ. ജഗതി രാജ് വി.പി, ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ (മെമ്പർ സെക്രട്ടറി, കെ-ഡിസ്‌ക്), ടെക്‌നോപാർക്ക് സിഇഒ. കേണൽ സഞ്ജീവ് നായർ തുടങ്ങിയവർ സംസാരിക്കും. ഐ.സി.ടി. അക്കാദമി സി.ഇ.ഓ. മുരളീധരൻ മന്നിങ്കൽ സ്വാഗതം ആശംസിക്കും.

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിവരുമായി നൈപുണ്യ പരിശീലനത്തിനും അൺസ്റ്റോപ്പ്, നാസ്‌കോം, സിഐ.ഓ. അസോസിയേഷൻ എന്നിവയ്ക്കൊപ്പം കേരളത്തിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന, ഐ.സി.ടി. അക്കാദമിയുമായുള്ള പ്രത്യേക ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ചടങ്ങ് സാക്ഷ്യം വഹിക്കും. ഐ.സി.ടി. അക്കാദമിയുടെ തുടക്കം മുതൽ ഇതുവരെ കമ്പനിയുടെ വളർച്ചയ്ക്കായി മികച്ച സംഭാവന നൽകിയ അംഗങ്ങളെ, അവരുടെ ദീർഘകാല സേവനത്തെ മുൻനിർത്തി, ചടങ്ങിൽ ആദരിക്കും.

ഐ.സി.ടി. അക്കാദമിയുമായി ദീർഘകാലബന്ധം പുലർത്തുന്ന വ്യാവസായിക, അക്കാദമിക, ഗവണ്മെന്റ് മേഖലകളിലെ പ്രതിനിധികളുടെ ആമുഖ പ്രഭാഷണങ്ങൾ, അക്കാദമിയുടെ ഒരു ദശാബ്ദത്തെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.