തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ ഇരുന്ന് പുകവലിച്ച യാത്രക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് ഗസ്സിയാബാദ് സ്വദേശി മനോജ് ഗുപ്തയെ(63) ആണ് പൈലറ്റിന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിസ്താര എയർലൈൻസിലെ യാത്രക്കാരനായിരുന്നു പ്രതി.

ശനിയാഴ്ച രാവിലെ 11.40- ഓടെയാണ് സംഭവം നടന്നത്. യാത്രയ്ക്കിടയിൽ ഇയാൾ വിമാനത്തിലെ ശൗചാലയത്തിലെത്തി പുകവലിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള സെൻസറിൽ നിന്ന് പൈലറ്റിന് കോക്ക് പിറ്റിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. ഇതേത്തുടർന്ന് പൈലറ്റ് ഈ വിവരം ജീവനക്കാരെ അറിയിച്ചു. വിമാനമെത്തിയശേഷം സുരക്ഷാജീവനക്കാരെത്തി യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് യാത്രക്കാരനെ വലിയതുറ പൊലീസിന് കൈമാറി.