- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്താംമൈൽ മീഡിയനിൽ ബൈക്ക് ഇടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു
ഉദയംപേരൂർ: പത്താംമൈൽ മീഡിയനിൽ ഇന്നലെ രാത്രി ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഉദയംപേരൂർ 18-ാം വാർഡ് അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എംഎൽഎ റോഡിനു സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ഉണ്ടായ അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.
മീഡിയൻ അവസാനിക്കുന്ന ഭാഗത്തേക്ക് ബൈക്ക് ഇടിച്ചു കയറുകയും ഇരുവരും തൽക്ഷണം മരിക്കുകയും ആയിരുന്നു. തുടർന്ന് ബൈക്ക് എതിരെ വന്ന കാറിന്റെ അടിയിലേക്കു വീഴുകയും ചെയ്തു. പൂത്തോട്ട ഭാഗത്തു നിന്നു വന്ന ഇവരുടെ ബൈക്ക് മീഡിയനിൽ ഇടിച്ചു നിയന്ത്രണം തെറ്റി എതിരെ വന്ന കാറിൽ ഇടിച്ചാണ് യുവാക്കൾ മരിച്ചത്. കൊച്ചു പള്ളി ഭാഗത്തു നിന്നു ഉദയംപേരൂർ ഭാഗത്തേക്കു വരുന്ന വഴിയായിരുന്നു സംഭവം. പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃപ്പൂണിത്തുറ അഗ്‌നിരക്ഷാ സേന എത്തി റോഡ് കഴുകിയ ശേഷമാണു വാഹനങ്ങൾ കടത്തി വിട്ടത്.
പത്താംമൈൽ മീഡിയനിൽ അപകടം തുടർക്കഥയാവുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ചിരിക്കുന്ന റിഫ്‌ളക്ടറുകൾ പലപ്പോഴും താഴെ വീണു കിടക്കുന്ന സ്ഥിതിയാണ്. ഇന്നലെ വൈകിട്ടു മറ്റൊരു അപകടവും ഉണ്ടായി എന്നു സമീപവാസികൾ പറയുന്നു. പലപ്പോഴും അകലെ നിന്നു വരുന്ന വാഹനങ്ങൾക്ക് വളവിലെ മീഡിയൻ തിരിച്ചറിയാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. റോഡിന്റെ ഇരുവശവും ഏകദേശം പത്തടിയോളം താഴ്ന്നു നിൽക്കുന്നതു കാരണം, അപകടം ഉണ്ടായാൽ വാഹനങ്ങൾ ഇവിടേക്ക് മറിയാനുള്ള സാധ്യതയും ഏറെ.
ഏറ്റുമാനൂർ എറണാകുളം സംസ്ഥാന പാതയിലെ പത്താംമൈലിൽ സ്ഥാപിച്ചിരിക്കുന്ന അപകടക്കെണിയായ മീഡിയൻ ശാസ്ത്രീയമായി പുനർ നിർമ്മിക്കണം എന്നു പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആവശ്യത്തിനു വെളിച്ചം ഇല്ലാത്തതിനാൽ മീഡിയൻ രാത്രി കാണാൻ കഴിയില്ല.