കാഞ്ഞങ്ങാട്: ശമ്പഴം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബ്രീത്ത് അനലൈസറിൽ ഊതാൻ വിസമ്മതിച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവർ. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ ഊതിക്കാൻ ബ്രീത്ത് അനലൈസറുമായെത്തിയ ഉദ്യോഗസ്ഥനോട് കെ.എസ്.ആർ.ടി.സി. ഡ്രൈവർ വിനോദ് ജോസഫ് ആണ് ഉറച്ച സ്വരത്തിൽ തന്റെ വിസമ്മതം അറിയിച്ചത്. ഊതുന്നില്ലെങ്കിൽ ബസ് ഓടിക്കേണ്ടേന്ന് ഡിപ്പോ അധികൃതർ നിലപാടെടുത്തതോടെ വിനോദ് ജോസഫ് കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ രക്തസമ്മർദംകൂടി ആശുപത്രിയിലുമായി. ശനിയാഴ്ച കാഞ്ഞങ്ങാട് ഡിപ്പോയിലാണ് സംഭവം.

ഊതിക്കാനുള്ള ഉഷാർ ശമ്പളം തരുന്നതിലും കാണിക്കണമെന്നും വിനോദ് ആവശ്യപ്പെട്ടു. ചുള്ളിക്കര സ്വദേശിയായ വിനോദ് ജോസഫിന് ശനിയാഴ്ച ഡ്യൂട്ടി കിട്ടിയത് പാണത്തൂർ-ഇരിട്ടി റൂട്ടിലാണ്. പതിവ് നടപടിക്രമമെന്ന നിലയിൽ ചെക്കിങ് ഇൻസ്‌പെക്ടർ ബ്രീത്ത് അനലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ പ്രതിഷേധവും പ്രതികരണവും. ലോഗ്ഷീറ്റ് വാങ്ങി ബസ് തിരിച്ചിട്ട് കണ്ടക്ടറെ കാത്തിരിക്കുമ്പോഴാണ് ബ്രീത്ത് അനലൈസറിൽ ഊതാത്ത ഡ്രൈവർക്ക് ഡ്യൂട്ടി നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചത്.

മാസംതീരാറായിട്ടും പാതിശമ്പളമേ കിട്ടിയുള്ളൂ. ഇതിൽ പ്രതിഷേധിച്ചാണ് ഊതാതിരുന്നതെന്ന് ലോഗ് ഷീറ്റിൽ ഇദ്ദേഹം എഴുതി. ലോഗ് ഷീറ്റ് തിരികെ വാങ്ങിയ അധികൃതർ ഇദ്ദേഹത്തിന്റെ ഡ്യൂട്ടി മറ്റൊരു ഡ്രൈവർക്ക് നൽകി. രണ്ടരമണിക്കൂറോളം വിനോദ് ജോസഫ് ഡിപ്പോയിൽ കുത്തിയിരുന്നു. ഇതിനിടെയാണ് രക്തസമ്മർദംകൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാസത്തിന്റെ തുടക്കത്തിൽ കിട്ടുന്ന ശമ്പളം ഇങ്ങനെ വൈകിയാൽ എങ്ങനെ ജീവിക്കുമെന്ന് ഡ്രൈവർട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായ വിനോദ് ജോസഫ് ചോദിക്കുന്നു. പകുതി ശമ്പളം തന്നെ കിട്ടിയത് രണ്ടാമത്തെ ആഴ്ചയാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടും ബാക്കി തന്നതുമില്ല. വീടിന്റേതുൾപ്പെടെ പല വായ്പകളുടെയും ഗഡു അടയ്ക്കാൻ കഴിഞ്ഞില്ല. ജൂണിൽ ശമ്പളം കിട്ടാത്തതിനാൽ മക്കൾക്ക് പുസ്തകം വാങ്ങിക്കൊടുക്കാൻ പോലും ഡ്രൈവർമാരും കണ്ടക്ടർമരും ബുദ്ധിമുട്ടി. മുൻപ് ഓവർടൈം, കളക്ഷൻ ബത്ത എന്നിവ അന്നന്ന് കിട്ടിയിരുന്നു. ഇപ്പോൾ ഒരു ചായ കുടിക്കാൻപോലും കൈയിൽ കാശില്ലാത്ത അവസ്ഥയാണ് -അദ്ദേഹം പറയുന്നു.