തോട്ടയ്ക്കാട്: വയോധികന്റെ സൈക്കിളിന് മുന്നിൽ കുറുകെ കുറുനരി ചാടി. നിയന്ത്രണംവിട്ട് സൈക്കിൾ മറിഞ്ഞപ്പോൾ, ഓടിച്ചിരുന്നയാളിന്റെ കാലിലെ പേശി കുറുനരി കടിച്ചുപറിച്ചു. തോട്ടയ്ക്കാട് പുന്നശേരിയിൽ സണ്ണി ജോസഫിനാണ്(65) കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച രാവിലെ ആറിന് തോട്ടയ്ക്കാട് അമ്പലക്കവല-കോൺവെന്റ് റോഡിലായിരുന്നു സംഭവം. സണ്ണി, അമ്പലക്കവല ഭാഗത്തുനിന്ന് ബന്ധുവിന്റെ കടയിലേക്ക് വരുകയായിരുന്നു. സണ്ണി ബഹളംവെച്ചതോടെ കുറുനരി ഓടിമറഞ്ഞു.

ശബ്ദം കേട്ട് സമീപത്തുള്ള പ്ലാപ്പറമ്പിൽ രാജു മാത്യു ഓടിയെത്തി സണ്ണിയെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോൾ കുറുനരി, രാജുവിനെയും ആക്രമിക്കാൻ ചെന്നു. ആളുകൾ ബഹളംവെച്ചതോടെയാണ് ഇത് ഓടിപ്പോയത്.