- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
8 ലക്ഷത്തിന്റെ ക്രമക്കേട്; കൃഷി വിജ്ഞാന കേന്ദ്രം മുൻ ജീവനക്കാരൻ അറസ്റ്റിൽ
അമ്പലവയൽ: ചെക്ക്‌ബുക്ക് മോഷ്ടിച്ച് അക്കൗണ്ടിൽ എട്ട് ലക്ഷത്തിന്റെ തിരിമറി നടത്തിയതിനു കൃഷി വിജ്ഞാന കേന്ദ്രത്തിലെ മുൻ താൽക്കാലിക അക്കൗണ്ടന്റ് അറസ്റ്റിൽ. മീനങ്ങാടി പന്നിമുണ്ട ജോബി വർഗീസിനെ (37) ആണ് അമ്പലവയൽ പൊലീസ്് അറസ്റ്റ് ചെയ്തത്. കേന്ദ്രത്തിലെ മേധാവി പണമിടപാടു നടത്തുന്നതിനായി ഏൽപിച്ച ചെക്കുകളിൽ കൃത്രിമം നടത്തി 4.01 ലക്ഷം രൂപയും സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ചെക്ക് ബാങ്കിൽ സമർപ്പിച്ച് 4.36 ലക്ഷം രൂപയും മാറ്റിയെടുത്തതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഒാഗസ്റ്റ് വരെയുള്ള കാലയളവിൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുമ്പോൾ സ്ഥാപനത്തിലെ ചെക്ക് ബുക്ക് മോഷ്ടിച്ചു പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവം നടക്കുന്ന കാലയളവിലെ കൃഷി വിജ്ഞാന കേന്ദ്രം മേധാവി നൽകിയ പരാതിയിലാണ് നടപടി.
തട്ടിപ്പിന് ബന്ധു സഹായിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ ചെക്ക് ബന്ധുവിന്റെ പേരിൽ എഴുതി, അയാളോടെപ്പം ബാങ്കിലെത്തി ചെക്ക് മാറ്റിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ ചെക്ക് ഉപയോഗിച്ച് യാഥാർഥത്തിൽ മാറേണ്ട 36824 രൂപയ്ക്ക് പകരം ജോബിയുടെ ബന്ധുവിന്റെ പേരെഴുതി, ഇരുവരും ചേർന്ന് 436824 രൂപ മാറ്റിയെടുക്കുകയായിരുന്നു.
ഇതുപോലെ 3250 രൂപക്ക് പകരം 93250 രൂപയും മാറ്റിയെടുത്തു. ഇത്തരത്തിൽ പലപ്പോഴായി തട്ടിയെടുത്ത പണം മീനങ്ങാടി എസ്‌ബിഐ ബാങ്ക്, മീനങ്ങാടി സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചതായും കണ്ടെത്തി. മൊത്തം 8.38 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. അറസ്റ്റിന് അമ്പലവയൽ എസ്എച്ച്ഒ കെ.പി. പ്രവീൺകുമാർ, എസ്‌ഐ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.