വളാഞ്ചേരി: ദളിത് യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അറസ്റ്റിലായ മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ടുപടി സുനിൽ (32), താമിത്തൊടി ശശി (38), പ്രകാശൻ (37) എന്നിവരെയാണ് തിരൂർ കോടതി റിമാൻഡ് ചെയ്തത്. സുനിൽ, ശശി എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുൾപ്പെട്ട പ്രകാശനെ പാലക്കാടുനിന്നാണ് പിടികൂടിയത്.

അഞ്ച് ദിവസം മുൻപ് രാത്രിയിലാണ് സംഭവം നടന്നത്. വീടിനകത്തേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശാരീരികവും മാനസികവുമായി പ്രയാസം നേരിട്ട യുവതി സംഭവം തന്റെ സുഹൃത്തിനോട് പറയുകയും ഈ സുഹൃത്ത് വളാഞ്ചേരി പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

പിടിയിലായവരെക്കൂടാതെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തിരൂർ ഡിവൈ.എസ്‌പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരുംദിവസങ്ങളിൽ തിരൂർ മജിസ്ട്രേറ്റിന്റെ അനുമതിയോടെ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതികളെ കാണിക്കുന്നതിൽ നിയന്ത്രണമുണ്ടെന്നും പൊലീസ് പറഞ്ഞു.