തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ ക്ഷേമമന്ത്രിയായി ഒ.ആർ. കേളു ചുമതലയേറ്റു. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് സെക്രട്ടേറിയറ്റിലെത്തി മന്ത്രി സ്ഥാനമേറ്റെടുത്തത്. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.

പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവർത്തികൾക്കാണ് മുൻഗണനയെന്ന് മന്ത്രി ഒ.ആർ. കേളു ചുമതല ഏറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടിലെ വന്യമൃഗ ആക്രമണത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും എംപിമാർ, എം.എൽമാരുമുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയായിരിക്കുമ്പോൾ കെ രാധാകൃഷ്ണൻ തുടങ്ങിവെച്ച കാര്യങ്ങൾ തുടരുമെന്നും കാര്യങ്ങൾ പഠിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയാകുന്നതിന് മുമ്പ് തന്നെ വയനാട്ടിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. പല വിഷയങ്ങളിലും സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഒറ്റക്ക് ഒരു മന്ത്രിവിചാരിച്ചാൽ നടക്കില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളും എംപി, എംഎ‍ൽഎമാരടക്കമുള്ളവർ ഒന്നിച്ച് നിന്നാൽ മാത്രമേ വന്യമൃഗപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേർത്ത് പട്ടികജാതി-വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും 'കോളനി' പദം മാറ്റുന്നതിനെ പറ്റി അതിന്റെ നിയമവശങ്ങൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.

ഇന്ന് വൈകിട്ടാണ് രാജ്ഭവനിൽ നാല് മണിക്ക് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. വയനാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആലത്തൂർ എംപിയായി ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആർ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം.