കൊച്ചി: പ്രതികളുടെ വയറ്റിലുള്ള 30 കോടിയുടെ തൊണ്ടി മുതലിനായി കാത്തിരുന്ന് ഡിആർഐ വിഭാഗം. രാജ്യാന്തര ലഹരിക്കടത്തു സംഘത്തിലെ കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെയാണ് കസ്റ്റംസ് ഡിആർഐ വിഭാഗം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. രാജ്യാന്തര ലഹരിക്കടത്തുകാരുടെ വയറ്റിൽനിന്നു കൊക്കെയ്ൻ കാപ്‌സ്യൂളുകൾ പുറത്തെടുക്കാനുള്ള ഡിആർഐ വിഭാഗത്തിന്റെ 'ഓപ്പറേഷൻ' ഒരാഴ്ചയായി തുടരുകയാണ്.

ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കഴിഞ്ഞ 16നു പിടികൂടിയത്. രണ്ടു കിലോഗ്രാം കൊക്കെയ്‌നാണ് ഇരുവരും കാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താൻ ശ്രമിച്ചത്. 16ന് എത്യോപ്യയിൽ നിന്ന് ഒമാൻ ദോഹ വഴി കൊച്ചിയിലേക്കു വന്ന വിമാനത്തിലാണ് ഇരുവരും എത്തിയത്.

രാജ്യാന്തര വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്നതാണ് ഇവ. പിടിയിലായ ഉടൻ പ്രതികളെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കാപ്‌സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്‌സ്യൂളുകൾ ഏതാനും ദിവസം കൊണ്ടു പുറത്തെടുത്തു. രഹസ്യവിവരത്തെ തുടർന്നു ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണു ചെറിയ രീതിയിൽ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന പ്രതികളെ കണ്ടെത്തിയത്.

1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. എന്നാൽ, വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്‌സ്യൂളുകൾ മാത്രമേ പുറത്തെടുക്കാനായുള്ളൂ. 1.800 കിലോഗ്രാം കൊക്കെയ്‌നാണു പുറത്തെടുത്ത കാപ്‌സ്യൂളുകളിലുണ്ടായിരുന്നത്. ബാക്കിയുള്ളവ കൂടി പുറത്തെടുക്കാനുള്ള ശ്രമമാണു തുടരുന്നത്. ഒമാറിയെ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി ആലുവ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

ബിസിനസ് വീസയിലായിരുന്നു വരവ്. എക്‌സ്‌റേ പരിശോധനയിൽ ഇവരുടെ വയറ്റിനുള്ളിൽ അസ്വാഭാവിക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. പ്ലാസ്റ്റിക് ആവരണമുള്ള കാപ്‌സ്യൂളുകളിലാക്കിയാണു കൊക്കെയ്ൻ ഇരുവരും വിഴുങ്ങിയത്.