തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറച്ച തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഒരു ട്രെയിനിൽ നാലോ അല്ലെങ്കിൽ അഞ്ചോ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉറപ്പാക്കാനാണു നീക്കം. തീരുമാനം വൈകാതെയുണ്ടാകും. മുൻപു ദീർഘദൂര എക്സ്‌പ്രസ് ട്രെയിനുകളിൽ നാല് ജനറൽ കോച്ച് വീതമുണ്ടായിരുന്നെങ്കിൽ ഏതാനും വർഷങ്ങൾക്കിടെ രണ്ടായി ചുരുങ്ങി. ഇതോടെ വൻ യാത്രാ ദുരിതമാണ് ഉണ്ടായത്.

റിസർവ്ഡ് കോച്ചുകളിൽ ജനറൽ യാത്രക്കാർ ഇടിച്ചു കയറുന്നതും പതിവായി. അതിനാലാണ് സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ പുനഃപരിശോധിക്കുന്നത്. വന്ദേഭാരതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച കേന്ദ്ര സർക്കാർ സാധാരണക്കാരെ മറന്നുവെന്ന വിമർശനവും ശക്തമാണ്. ബിഹാറിലേക്കുള്ള ട്രെയിനുകളിൽ ജനറൽ കോച്ചുകളിൽ സ്ഥലമില്ലാത്തതു മൂലം ശുചിമുറിക്കുള്ളിൽ യാത്ര ചെയ്യുന്നവർ ശ്വസിക്കാനായി ശുചിമുറിയുടെ ഗ്ലാസ് വിൻഡോ തകർക്കുന്നതും പതിവായതോടെയാണ് റയിൽവെ പുനഃ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

കോച്ച് ഫാക്ടറികളിൽ ജനറൽ കോച്ചുകളുടെ ഉൽപാദനം കൂട്ടാനുള്ള നിർദേശവും വൈകാതെയുണ്ടാകും. ജനറൽ കോച്ചുകൾ പോലെ മെമു ട്രെയിനുകളുടെ നിർമ്മാണം കുറച്ചതും പ്രതിസന്ധിയാണ്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ പുതിയ മെമു ട്രെയിനുകൾ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സർവീസുകൾ പ്രതിദിനമാക്കാൻ കഴിഞ്ഞിട്ടില്ല.