തിരുവനന്തപുരം: മിൽമയിലെ തൊഴിലാളി യൂണിയനുകൾ ചൊവ്വാഴ്ച മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തിൽ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത്.

സംസ്ഥാന ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന അനുരഞ്ജന യോഗത്തിൽ ഒത്തുതീർപ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

സർക്കാർ അംഗീകാരത്തിന് വിധേയമായി ജൂലൈ 15 ാം തീയ്യതി മുതൽ ദീർഘകാല കരാർ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകൾ മിൽമയിൽ നടപ്പാക്കുമെന്ന് ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പുനൽകി. ഇത് അംഗീകരിച്ചാണ് ജൂൺ 25 മുതൽ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ സമ്മതിച്ചത്.