പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായെന്ന് പരാതി. അതുൽ കൃഷ്ണ, ആദിത്യൻ, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നില്ല. സി.സി.ടി.വികൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പൊലീസ്.

പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അതുൽ കൃഷ്ണയും ആദിത്യനും. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനിരുദ്ധ്. ഇവർ മൂന്ന് പേരും അയൽവാസികളാണ്. ഒരുമിച്ച് സ്‌കൂളിലേക്കിറങ്ങിയ വിദ്യാർത്ഥികൾ സ്‌കൂളിലെത്താതായതോടെ അദ്ധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതായതോടെ മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിച്ചു.

നിലവിൽ വിദ്യാർത്ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. മൂന്ന് പേരും സ്‌കൂൾ യൂണിഫോമിലായിരുന്നു. മറ്റ് വസ്ത്രങ്ങൾ ഇവരുടെ പക്കലുണ്ടോ എന്നതിലും സംശയമുണ്ട്.

ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.