ഇടുക്കി: പീരുമേട് ഇലക്ട്രിക് ഡിവിഷനിൽ നടന്ന വ്യാപക പരിശോധനകളിൽ 14 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. പീരുമേട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കെ.എസ്.ഇ.ബി. വിജിലൻസ്, ആന്റി തെഫ്റ്റ് സ്‌ക്വാഡ് എന്നിവ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഗാർഹിക കണക്ഷനുകളുടെ മറവിൽ ഗാർഹികേതര ഉപയോഗം, അനുവദനീയമായ അളവിൽ കൂടുതൽ വൈദ്യുതി ഉപയോഗം, ബോധപൂർവം താരിഫിൽ വരുത്തിയ മാറ്റങ്ങൾ എന്നിവവഴി വൈദ്യുതി ബോർഡിന് നഷ്ടം സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

വൈദ്യുതി മീറ്ററുകളിൽ യഥാസമയം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നില്ല. കഴിഞ്ഞ നാലുവർഷമായി ചെക്ക് റീഡിങ്ങും മുടങ്ങിയിരുന്നതായാണ് വിജിലൻസ് റിപ്പോർട്ട്. കഴിഞ്ഞവർഷം പാമ്പനാർ എൽ.എം.എസിൽ സമാനരീതിയിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് അമിതമായ വൈദ്യുതിബില്ല് വന്നിരുന്നു.

വാഗമണ്ണിൽ വയോധികയ്ക്ക് അരലക്ഷത്തോളം രൂപയുടെ ബിൽ വന്നതിനെ തുടർന്ന് വകുപ്പ് മന്ത്രിയും ചെയർമാനും ഇടപെടൽ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പരിശോധന നടന്നത്.