മറയൂർ: വീടിനു മുന്നിൽ കാട്ടുപോത്ത് നിലയുറപ്പിച്ചതോടെ വീട്ടമ്മ വീടിനുള്ളിൽ കുടുങ്ങി. നാലു മണിക്കൂറോളം വീടിനുള്ളിൽ കുടുങ്ങിയ വീട്ടമ്മ വനപാലകരെത്തി കാട്ടുപോത്തിനെ ഓടിച്ചതോടെയാണ് പുറത്തിറങ്ങിയത്. കാന്തല്ലൂർ പഞ്ചായത്തിൽ ഇടക്കടവിലാണ് സംഭവം. ഇടക്കടവ് സ്വദേശിനി ബീനാ മാത്യു ഒറ്റയ്ക്കാണ് താമസം. ഭർത്താവ് കുവൈത്തിലാണ്. മക്കളിൽ ഒരാൾ എറണാകുളത്ത് ജോലിചെയ്യുന്നു. മറ്റൊരാൾ എറണാകുളത്ത് പഠിക്കുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീടിന് മുന്നിൽ എത്തിയതാണ് കാട്ടുപോത്ത്. ഒറ്റപ്പെട്ട വീടായതിനാൽ സമീപവാസികൾ ആരും ഉണ്ടായിരുന്നില്ല. ചിലരെ ഫോണിൽ വിളിച്ചെങ്കിലും ഭയംമൂലം അവരും എത്തിയില്ല. നാലുമണിക്ക് കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും ജീവനക്കാരിൽ ഭൂരിഭാഗവും പുത്തൂർ മേഖലയിൽ പോയിരിക്കുകയായിരുന്നു.

വൈകീട്ട് ആറോടെ വനം വകുപ്പ് ജീവനക്കാരെത്തി കാട്ടുപോത്തിനെ സമീപപ്രദേശത്തേക്ക് തുരത്തി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് ഒറ്റയാന്റെ ആക്രമണത്തിൽ ബേബി എന്ന യുവതി കൊല്ലപ്പെട്ടത്.