കോഴിക്കോട്: കൊടുവള്ളിയിൽ വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് താളിയിൽ മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് വന്മോഷണം നടന്നത്.

വീടിന്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ടും വാതിലിന്റെ പൂട്ടും തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുകൾ നിലയിലെ കിടപ്പ് മുറിയിലെ അലമാര തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. മുസ്തഫയുടെ ഭാര്യ ശനിയാഴ്ച രാവിലെയാണ് വീട് പൂട്ടി ബന്ധുവീട്ടിൽ പോയത്. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുകളാണ് വീടിന്റെ വാതിലുകൾ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായ കാര്യം സ്ഥിരീകരിച്ചത്. പിന്നീട് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.