കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയത്തിൽ 12 വയസുകാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ. കോഴിക്കോട് ഫാറൂഖ് കോളജിനടുത്തു ഇരുമൂളിപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിയെയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിനു സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വീടിനു സമീപത്തെ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. പിന്നീട് സ്‌കൂളിലെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കാൻ പോയി. അവിടെവച്ച് പന്ത് തലയ്ക്കുതട്ടി പരിക്കേറ്റിരുന്നു. തലവേദനയും ഛർദിയും അനുഭവപ്പെട്ടതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. തലയ്ക്കുള്ള പരിക്കിനാണ് ചികിൽസ നൽകിയത്.

അസുഖം ഭേദമാകാത്തതിനാലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന സംശയമുണ്ടായത്. കുട്ടി വെന്റിലേറ്ററിലാണ്. കുട്ടി കുളിക്കാനിറങ്ങിയ കുളത്തിൽ രാമനാട്ടുകര നഗരസഭ ക്ലോറിനേഷൻ നടത്തി. കുളത്തിൽ മറ്റ് ആളുകൾ കുളിക്കുന്നതിനു വിലക്കും ഏർപ്പെടുത്തി.