മലപ്പുറം: ട്രെയിൻ യാത്രക്കിടയിൽ ഉറങ്ങിക്കിടക്കുമ്പോൾ മധ്യഭാഗത്തെ ബെർത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവവേശിപ്പിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മരണം സംഭവിക്കുക ആയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽവച്ചാണ് അപകടം ഉണ്ടായത്. അലിഖാൻ താഴത്തെ ബർത്തിൽ ഉറങ്ങുമ്പോൾ മധ്യഭാഗത്തെ ബെർത്ത് പൊട്ടി അലിഖാന്റെ മുകളിലേക്ക് ബെർത്തും അതിൽ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകൾ തളർന്നുപോയി.

റെയിൽവേ അധികൃതർ ഉടൻ തന്നെ അദ്ദേഹത്തെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്‌സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹ പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച രാത്രിയോടെ മാറഞ്ചേരിയിലെ വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയിൽ നടക്കും.

ഷക്കീലയാണ് അലിഖാന്റെ ഭാര്യ. മകൾ: ഷസ. സഹോദരങ്ങൾ: ഹിഷാം, അബ്ദുല്ലകുട്ടി, ഉമർ, ബക്കർ, ഹവ്വാവുമ്മ, കദീജ, മറിയു. ചേകന്നൂർ മൗലവിയുടെ സഹോദരി ഭർത്താവാണ് അലിഖാൻ.