ഇടുക്കി: കനത്തമഴയിൽ വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീണ് യുവതി മരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായ ഇളയ മകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീട് പൂർണമായും തകർന്നു. മൂന്നാർ ലക്ഷംനഗറിൽ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. അഞ്ചുനില കെട്ടിടത്തോളം ഉയരമുള്ള മൺതിട്ട ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുക ആയിരുന്നു. സംഭവസമയത്ത് ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഇളയ മകൻ ശ്രീഹരി ട്യൂഷൻകഴിഞ്ഞ് വീടിന് മുമ്പിലെത്തിയപ്പോഴാണ് മണ്ണിടിഞ്ഞുവീണത്. മകനാണ് അയൽവാസികളെ വിവരമറിയിച്ചത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. വീടിന് മുകളിലേക്ക് വീണ മണ്ണ് നീക്കാൻ ഏറെ പാടുപെട്ടു. അഗ്‌നിരക്ഷാസേനയും പൊലീസും എത്തിയതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. ഒരു മണിക്കൂറിനുശേഷമാണ് മാലയെ വീടിന്റെ അടുക്കളഭാഗത്തുനിന്ന് പുറത്തെടുക്കാനായത്. ചലനമറ്റ നിലയിലായിരുന്നു. ആംബുലൻസിൽ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.

ദേവികുളം ബ്ലോക്ക് ഓഫീസ് ജീവനക്കാരനായ ഭർത്താവ് കുമാർ ജോലിസ്ഥലത്തായിരുന്നു. മറ്റ് മക്കളായ ശ്രീനിധി, ശ്രീറാം എന്നിവർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. അപകടംനടന്ന സ്ഥലത്തിന് സമീപം വേറേയും വീടുകളുണ്ട്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ സമീപത്തെ നാല് വീടുകളിലെ താമസക്കാരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.