- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് മാസം മുൻപ് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ നാല് മാസം മുൻപ് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നു. നഗരത്തിലെ പുളിക്കൽച്ചിറ പാലംമുട്ടുങ്ങൽ വായനശാല റോഡാണ് ഏതാനും മാസങ്ങൾക്കകം തകർന്നത്. റോഡിന്റെ കരിങ്കൽ സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ്. റോഡിൽ വലിയ തോതിൽ വിള്ളലുണ്ടായി. മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 25 ലക്ഷം രൂപ ചെലവിൽ നിർമ്മാണം നടത്തിയത്. പാലത്തിന്റെ നിർമ്മാണം 2021 ൽ പൂർത്തിയാക്കിയിരുന്നു. റോഡിന്റെ നിർമ്മാണം കഴിഞ്ഞ ശേഷം 4 മാസം മുൻപാണ് ഉദ്ഘാടനം നടന്നത്.
ഈ റോഡാണ് ഇപ്പോൾ വിണ്ടുകീറി തകർന്ന നിലയിലുള്ളത്. വലിയ അപകടാസ്ഥയിലാണ് റോഡ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. മാനത്തുമംഗലം ബൈപാസ് റോഡിലെ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും മുട്ടുങ്ങൽ ഭാഗത്തേക്കുള്ള റോഡാണിത്. മുട്ടുങ്ങൽ ഭാഗത്തു നിന്ന് നഗരത്തിലേക്ക് വരാനുള്ള എളുപ്പ വഴിയാണിത്.
റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നതായും അന്വേഷണം വേണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് പരാതി നൽകി.