കൊച്ചി: ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന 'റീജിയണൽ ഡയറി കോൺഫറൻസ് - ഏഷ്യ പസഫിക് 2024' ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (എൻ ഡി ഡി ബി ) എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ക്രിയാത്മകമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്കുകൂടി ഗുണകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം. സുസ്ഥിരത, ഉത്പാദന വർധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം.

ക്ഷീര സഹകരണമേഖലയാണ് സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊർജം പകർന്നത്. മൂവായിരത്തിലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. ഇത്രയും ക്ഷീര സഹകരണ സംഘങ്ങളിലെ 3 ലക്ഷം കർഷകരിൽ നിന്ന് പ്രതിദിനം 18 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നു. ക്ഷീരകർഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. സംസ്ഥാനത്ത് എട്ട് ലക്ഷം കുടുംബങ്ങൾ പാൽ ഉദ്പാദക രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ ആകെ വാർഷിക ക്ഷീരോത്പാദനം. 70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനമെന്നും മന്ത്രി പറഞ്ഞു. തീരദേശ സംസ്ഥാനമായതിനാൽ പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ട് കേരളം. തീറ്റയുടെയും കാലിത്തീറ്റയുടെയും ദൗർലഭ്യം, പുൽമേടുകളുടെ ലഭ്യതക്കുറവ്, ലേബർ കോസ്റ്റ് എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലും ക്ഷീരകാർഷിക മേഖലയിൽ ഏറെ മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഉപജീവന കൃഷിയിൽ നിന്ന് സംഘടിത ക്ഷീരകർഷക രീതികളിലേക്ക് മാറി കേരളത്തിലെ ക്ഷീരമേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. എങ്കിലും ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന് അനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്‌മെന്റ് സംവിധാനം വേണം. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ നൂതന മാർഗങ്ങൾ തേടണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മിൽമയുടെ പാലട പായസം മിൽമ ചെയർമാൻ കെ.എസ് മണിക്ക് കൈമാറി മന്ത്രി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. മിൽമയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.