കോട്ടയം: കുടിവെള്ള പദ്ധതിക്കു പണം നൽകാത്തതിലെ മുൻവൈരാഗ്യം മൂലമാണു കോട്ടയത്ത് ആകാശപ്പാത നിർമ്മിക്കാൻ മന്ത്രി കെ.ബി.ഗണേശ് കുമാർ തടസ്സം നിൽക്കുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആരോപണം. ആകാശപ്പാതയ്ക്കു പണം നൽകാനാകില്ലെന്നു ഗണേശ് നിയമസഭയിൽ പറഞ്ഞിരുന്നു. പഴയ സംഭവത്തിൽ താൻ പ്രതികാരം ചെയ്യുകയാണെന്നു കരുതരുതെന്നും മന്ത്രി സൂചിപ്പിച്ചു.

"ഞാൻ വനം മന്ത്രി ആയിരുന്നപ്പോൾ ഗണേശിന്റെ നിയോജക മണ്ഡലത്തിലെ വനപ്രദേശത്ത് ശബരി കുടിവെള്ള പദ്ധതിക്കു 45 ലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് വനം വകുപ്പിന്റെ കയ്യിൽ 45 ലക്ഷം കൊടുക്കാനില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചില്ല. അതാണ് പുള്ളിയുടെ വാശിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നിയമസഭയിലെ മറുപടി. പ്രതികാരം തീർക്കുവാണോയെന്ന് ഗണേശിനോട് ഞാൻ ചോദിച്ചു. പ്രതികാരം തന്നെയാണ്. ആ പ്രതികാരം പുള്ളി തീർക്കുകയാണ്. കോട്ടയത്ത് ഒരു വികസനവും നടക്കില്ല. അത് അങ്ങനെയങ്ങ് പോകുമെന്നു കൂടി ഗണേശ് പറഞ്ഞു. ആ പറഞ്ഞതൊക്കെ സഭാ രേഖകളിലുണ്ട്" തിരുവഞ്ചൂർ പറഞ്ഞു.