ചേറ്റുവ: ചേറ്റുവയിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അടുക്കള കത്തി നശിച്ചു. ചേറ്റുവ വൈലിത്തറ ക്ഷേത്രത്തിനു സമീപം നെടിയേടത്ത് അനൂപിന്റെ അറ്റകുറ്റപ്പണി നടക്കുന്ന വീട്ടിലാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കവേ റഫ്രിജറന്റ് (തണുപ്പുണ്ടാക്കാനുള്ള വസ്തു) നിറയ്ക്കാനുപയോഗിച്ച കംപ്രസർ പൊട്ടിത്തെറിച്ച് തീ പിടിക്കുക ആയിരുന്നു.

ഫ്രിഡ്ജ് സർവീസിനെത്തിയ വാടാനപ്പള്ളി കാഞ്ഞിരപ്പള്ളി ജിമ്മിക്ക് പൊള്ളലേറ്റു. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കംപ്രസർ പൊട്ടിത്തെറിച്ചതോടെ ഒപ്പമുണ്ടായിരുന്ന സിലിൻഡറും പൊട്ടിത്തെറിച്ചു. അടുക്കളയിലുണ്ടായിരുന്ന പാചകവാതകസിലിൻഡറിനും തീപിടിച്ചെങ്കിലും പൊട്ടിത്തെറിച്ചില്ല. അടുക്കളയിൽ പെയിന്റിങ് ചെയ്തിരുന്ന പതിനഞ്ചോളംപേർ ചായ കുടിക്കാൻപോയ സമയത്താണ് പൊട്ടിത്തെറിയെന്നതിനാൽ വൻദുരന്തം ഒഴിവായി.

അടുക്കളയുടെ ചുമരിലും മച്ചിലും മരം പാകിയിരുന്നതിലേക്ക് തീ പിടിച്ച് ആളിക്കത്തി. പാത്രങ്ങളും കത്തിനശിച്ചു. ചുമരിന് വിള്ളലുണ്ടായിട്ടുണ്ട്. പൊലീസും ഫയർഫോഴ്‌സും എത്തി. പെയിന്റിങ് നടക്കുന്നതിനാൽ തീ പടരാൻ സാധ്യതയുള്ള ഒട്ടേറെ സാമഗ്രികൾ അടുക്കളയിൽ ഉണ്ടായിരുന്നു. തീയണച്ചതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ല.