- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമുദായസംഘടനയുടെ പേരിൽ പണം തട്ടി; 16 കൊല്ലത്തിനുശേഷം പിടിയിൽ
അമ്പലപ്പുഴ: സമുദായസംഘടനയുടെ പേരിൽ നിക്ഷേപം സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചിച്ചകേസിൽ പ്രതി പിടിയിൽ. 16 വർഷമായി ഒളിവിൽ കഴിഞ്ഞയാളാണ് ഗുജറാത്തിൽ നിന്നും അറസ്റ്റിലായത്. ലക്ഷങ്ങളുടെ തട്ടിപ്പു കേസിൽ ജാമ്യത്തിലിറങ്ങി ഗുജറാത്തിലെ കച്ഛ് ജില്ലയിലെ ഭുജിൽ കഴിഞ്ഞിരുന്ന തോട്ടപ്പള്ളി ഗൗരീമന്ദിരം വീട്ടിൽ പ്രിജിമോനെ (53) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യയേയും ബന്ധുക്കളേയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രജിമോൻ 1997-2006 കാലത്ത് തോട്ടപ്പള്ളി 2189-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ സെക്രട്ടറിയായിരുന്ന സമയത്താണ് തട്ടിപ്പു നടത്തിയത്. ശാഖായോഗത്തിന്റെ പേരിൽ പലരിൽനിന്നായി ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം തിരികെക്കൊടുക്കാതെ തിരിമറി നടത്തിയെന്നാണു കേസ്. ഒട്ടേറെ പരാതികളുള്ളതിനാൽ തട്ടിയെടുത്ത തുകയുടെ കണക്കെടുത്തുവരുകയാണു പൊലീസ്.
2007 മുതൽ നിക്ഷേപകരുടെ പരാതികളിൽ വിവിധ കേസുകൾ അമ്പലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഒന്നിൽ റിമാൻഡിലാകുകയും ജാമ്യം ലഭിച്ചശേഷം നാട്ടിൽനിന്നു മുങ്ങുകയുമായിരുന്നു. അന്വേഷിച്ചെങ്കിലും പൊലീസിനു കണ്ടെത്താനായില്ല.
ഇയാളുടെ ഭാര്യയും ബന്ധുക്കളും കുറച്ചു നാളുകളായി പ്രത്യേകാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ യാത്രാവിവരവും മറ്റും ആലപ്പുഴ സൈബർസെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചപ്പോൾ ഗുജറാത്തിലെ ഒരു ഫോൺനമ്പർ ലഭിച്ചു. അതു കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഗുജറാത്തിൽ ഉള്ളതായി മനസ്സിലായത്.
തുടർന്ന് പൊലീസ് അവിടെയെത്തി. രണ്ടാഴ്ചയോളം അവിടെ താമസിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡുചെയ്തു.
അമ്പലപ്പുഴ ഡിവൈ.എസ്‌പി. കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാർ, ആലപ്പുഴ സൗത്ത് അഡീഷണൽ എസ്‌ഐ. ആർ. മോഹൻകുമാർ, സീനിയർ സി.പി.ഒ. മാരായ സിദ്ദിഖുൾ അക്‌ബർ, ബിബിൻദാസ്, വിഷ്ണു എന്നിവരുണ്ടായിരുന്നു.