ഗൂഡല്ലൂർ: നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻബത്തേരി അന്തസ്സംസ്ഥാനപാതയിൽ കാട്ടാന കാർ തകർത്തു. ഒന്നരവയസ്സുള്ള കുഞ്ഞുമായി കാറിൽ സഞ്ചരിച്ച കുടുംബമാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കല്ലിങ്കര തകരമൂല സണ്ണി (60), ഭാര്യ മേരി (52), മകൻ വിപിന്റെ ഒന്നരവയസ്സുള്ള കുട്ടി ലുഗ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

നെലാകോട്ടയിൽവച്ചാണ് ഇവർ സഞ്ചരിച്ച കാർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കാട്ടാനയ്ക്ക് കടന്നുപോകാനായി വാഹനം ഒതുക്കിയിട്ടെങ്കിലും ആന ആക്രമിക്കുകയായിരുന്നു. കുത്തിമറിച്ചിട്ട കാറിൽ ഇവർ കുടുങ്ങിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗവും വാതിലുകളും വലതുഭാഗവും പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാട്ടാനയെ തുരത്തിയത്. കാറിന്റെ ചില്ലുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.