കോട്ടയം: സർക്കാർ ഉദ്യോഗസ്ഥയെ പാലാ നഗരസഭ അധ്യക്ഷൻ ഷാജു വി. തുരുത്തൻ അധിക്ഷേപിച്ചതായി പരാതി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് അദ്ദേഹം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിഷേധം ഉയർന്നതോടെ

പ്രീ മെട്രിക് സ്‌കോളർഷിപ്പിന്റെ ഫയലുമായി ബന്ധപ്പെട്ട് ഷാജു ഉദ്യോഗസ്ഥയെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മറ്റ് കൗൺസിലർമാരും ഈ സമയം ചേംബറിലുണ്ട്. അതിനിടെ, അദ്ദേഹം അധിക്ഷേപകരമായി പെരുമാറിയെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥ വിഷയം നഗരസഭയിലെ ജീവനക്കാരോട് പറഞ്ഞു. തുടർന്ന് ജീവനക്കാർ പ്രതിഷേധവുമായി അധ്യക്ഷന്റെ ചേംബറിലേക്കെത്തി. ഇതോടെ ഷാജു ഉദ്യോഗസ്ഥയോട് മാപ്പ് പറയുകയായിരുന്നു. എന്നാൽ, വനിതാ കമ്മിഷന് മുന്നിലുൾപ്പെടെ പരാതി സമർപ്പിക്കാനാണ് ഉദ്യോഗസ്ഥയുടെ തീരുമാനം.

അതേസമയം, ഉദ്യോഗസ്ഥയോട് അധിക്ഷേപകരമായി പെരുമാറിയിട്ടില്ലെന്നാണ് ഷാജു വി. തുരുത്തൻ പറയുന്നത്. അവരെ അധിക്ഷേപിച്ചിട്ടില്ല. ജോലി കൃത്യമായി ചെയ്യാത്തതിന്റെ പേരിൽ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും ഷാജു വ്യക്തമാക്കി.