മൂവാറ്റുപുഴ: തടി ലോറിയിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ദാരുണ സംഭവം. ജീപ്പ് തടിലോറിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിയുക ആയിരുന്നു. വ്യാഴാഴ്ച വൈകിട്ട് എട്ടു മണിയോടെ മൂവാറ്റുപുഴ ആരക്കുഴ റോഡിൽ പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്.

വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. ജീപ്പൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്‌മോന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ജോസ്മാനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിർ ദിശിൽ തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പാറേകുടി ജോബിയുടെ വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ ജിപ്പ് രണ്ടായി പിളർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിതീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഗുരുതരമായി പരുക്കേറ്റ ജോസ്‌മോന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.