കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത യുവാക്കൾ പാലത്തിനു മുകളിൽനിന്ന് നിമിഷാർധത്തിൽ കാറുമായി കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീണു. ആർത്തലച്ച് ഒഴുകിയ പുഴയിൽ മരണം മുന്നിൽ കണ്ടെങ്കിലും മനസാന്നിധ്യത്തോടെ ഇരുവരും ചേർന്ന് പൊലീസിനു ഫോൺ ചെയ്തു. ഗൂഗിൾ ലൊക്കേഷൻ അയച്ചു നൽകുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇരുവരും ജീവിതത്തിലേക്ക് തിരികെ കയറിയത്.

കാർ ഒഴുകിത്തുടങ്ങിയപ്പോഴേക്കും ഇരുവരും ഡോർ തുറന്ന് പുറത്തെത്തി കടപുഴകിയ മരത്തിൽ പിടിച്ചുനിന്നു. അപ്പോഴേക്കും പൊലീസിൽനിന്ന് വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയെത്തി രണ്ടുപേരെയും രക്ഷിച്ചു. കാഞ്ഞങ്ങാട് ഏഴാംമൈൽ സ്വദേശി തസ്രീഫ് (36), അമ്പലത്തറയിലെ അബ്ദുൾ റഷീദ് (35) എന്നിവരാണ് കാസർകോട് പളഞ്ചിപ്പുഴയിലകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടത്.

വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പുലർച്ചെ ആയതിനാൽ റോഡിൽ ആളും അനക്കവും ഉണ്ടായതുമില്ല. കർണാടകയിലെ ഉപ്പിനങ്ങാടിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്നു ഇരുവരും സഞ്ചരിച്ച കാർ മലയോര ഹൈവേ എടപ്പറമ്പ്-കോളിച്ചാൽ റൂട്ടിൽ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രാത്രിപെയ്ത തുടർച്ചയായ മഴയിൽ പള്ളഞ്ചിച്ചാലിൽ ശക്തമായ നീരൊഴുക്കാണുണ്ടായത്. പയസ്വിനിപ്പുഴയുടെ കൈവഴിയാണിത്. പൈപ്പ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. യാത്രയ്ക്കിടയിൽ പെട്ടെന്നാണ് പുഴ ശ്രദ്ധയിൽ പെട്ടത്.

കാർ നിർത്താൻ ശ്രമിക്കുമ്പോഴേക്കും പാലത്തിൽനിന്ന് തെന്നിനീങ്ങി പുഴയിൽ പതിക്കുകയായിരുന്നുവെന്ന് വാഹനമോടിച്ച അബ്ദുൾ റഷീദ് പറഞ്ഞു. അപകടത്തിൽപ്പെട്ടയുടൻ തസ്രീഫാണ് കാറിനകത്തുനിന്ന് കാസർകോട് പൊലീസിൽ വിവരമറിയിച്ചത്. ലൊക്കേഷനും അയച്ചുകൊടുത്തു. പൊലീസ് ഉടൻ കുറ്റിക്കോൽ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. കരണംമറിഞ്ഞ് കാർ 200 മീറ്ററോളം ഒഴുകി മരത്തിൽ തട്ടിനിന്നു. ഉടൻ തന്നെ ഇരുവരും ഡോർ തുറന്ന് കടപുഴകിക്കിടക്കുന്ന മരത്തിൽ പിടിച്ചുനിന്നു. നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായാണ് അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷിച്ചത്. സേന കയറും ലൈഫ് ജാക്കറ്റും ഇട്ടുകൊടുത്തു. ജാക്കറ്റിലിരുന്ന് കയറിൽ പിടിച്ച് കരയിലെത്തുകയായിരുന്നു.