ചെറുതോണി: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കൂടി. രണ്ടുദിവസംകൊണ്ട് ഏഴടി വെള്ളമാണ് വർധിച്ചത്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. മുൻ വർഷത്തേക്കാൾ 30 അടി വെള്ളം കൂടുതലുണ്ട്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് 2,328 അടി ആയിരുന്ന ജലനിരപ്പ്. വ്യാഴാഴ്ച രാവിലെ 2,335 അടിയായി. മുൻവർഷം ഇതേദിവസം 2305 അടി വെള്ളമാണുണ്ടായിരുന്നത്.

54.44 മില്ലീ മീറ്റർ മഴയാണ് 24 മണിക്കൂറിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. ജലനിരപ്പ് 2365 അടിയാകുമ്പോൾ നീല ജാഗ്രതയും 2371 അടിയാകുമ്പോൾ ഓറഞ്ച് ജാഗ്രതയും 2372 അടിയാകുമ്പോൾ ചുവന്നജാഗ്രതയും പുറപ്പെടുവിക്കും.