ഹരിപ്പാട്: വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ ഒല്ലാലില്‍ പടീറ്റതില്‍ റെജി ഷേര്‍ലി ദമ്പതികളുടെ മകന്‍ റോഷന്‍ (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. പള്ളിപ്പാട് നീണ്ടൂര്‍ ശിവമൂര്‍ത്തി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് റോഡില്‍ പരിക്കേറ്റ നിലയില്‍ റോഷന്‍ കിടക്കുന്നത് അതുവഴി ബൈക്കില്‍ വന്ന സമീപവാസിയായ യുവാവാണ് കണ്ടത്.

ഇദ്ദേഹം അറിയിച്ചതനുസരിച്ച് എത്തിയ ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് രാജനും, റോഷന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും റോഷന്‍ മരിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ റോഡില്‍ വീണു കിടക്കുന്ന റോഷന്റെ ശരീരത്തിലൂടെ പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുന്നത് കാണാം. പിന്നീട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് കാര്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. സംസ്‌ക്കാരം നാളെ രാവിലെ 11 ന് പള്ളിപ്പാട് സെന്റ് ജോര്‍ജ്ജ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. സഹോദരന്‍: റിനോഷ്.