മലപ്പുറം: മലപ്പുറത്തെ തീരദേശ വിവിധ തീരദേശ മേഖലയില്‍ കടല്‍ അഞ്ഞൂറ് മീറ്ററോളം ഉള്‍വലിഞ്ഞു. നാട്ടുകാര്‍ ഭീതിയില്‍. താനൂരില്‍ തിരമാലകള്‍ കുറഞ്ഞ് കടല്‍ വലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞ നിലയില്‍. താനൂര്‍ തീരദേശത്ത് കടല്‍ അഞ്ഞൂറ് മീറ്ററോളം ഉള്‍വലിഞ്ഞത് നാട്ടുകാരില്‍ ഭീതിപരത്തി. ഇന്നു ഉച്ചക്ക് ശേഷമാണ് കടല്‍ പലഭാഗങ്ങളിലായി ഉള്‍വലിഞ്ഞത്. തുറമുഖത്തിന് തെക്ക് ഭാഗത്താണ് ഉള്‍വലിയല്‍ കൂടുതലായി കണ്ടത്. പതിവായി എല്ലാ വര്‍ഷവും ഈ വേളയില്‍ നേരിയ തോതില്‍ കടല്‍ വലിയല്‍ ഉണ്ടാകാറുണ്ട്. അടുത്ത കാലത്ത് വ്യാപകമായി ഇതാദ്യമാണ്. ചാപ്പപ്പടി മുതല്‍ മറ്റു തീരഭാഗങ്ങളിലും ചെറുതായി വലിഞ്ഞിട്ടുണ്ട്.അപകടമില്ലാത്തതായിരുന്നു ആശ്വാസം.

അല്‍പ്പം തെളിഞ്ഞ കാലാവസ്ഥയില്‍ രാവിലെ തൊഴിലാളികള്‍ മീന്‍ പിടിത്തത്തിന് പുറപ്പെട്ടിരുന്നു. ഉച്ചക്ക് മഴ കനത്തതോടെയും മുന്നറിയിപ്പും കാരണം എല്ലാവരും കരയ്ക്ക് കയറി. ഇതിന് ശേഷമാണ് കടലില്‍ മാറ്റം കണ്ടത്. തിരമാലകള്‍ കുറഞ്ഞ് കടല്‍ വലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞ നിലയില്‍ ഏറെ നേരം കാണപ്പെട്ടു. കൂടുതല്‍ ശക്തിയോടെ കടല്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്ന ആശങ്കയിലാണ് തീരവാസികള്‍. സുരക്ഷക്കായി വളളങ്ങള്‍ കൂടുതലായി കരയ്ക്ക് അടുപ്പിക്കുകയും ചെയ്തു.