ഇടുക്കി: പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ്-ശാരദ ദമ്പതികളുടെ മകൾ അതുല്യയാണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ ആശുപത്രിയിൽ കൊണ്ടു വന്നു. ശനി പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കിപ്പനി ആയിരുന്നുവെന്നാണ് സംശയം. എന്നാൽ കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.