- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഏറ്റവും വലിയ ഒക്യുപേഷണൽ തെറാപ്പി സമ്മേളനം കൊച്ചിയിൽ; ലോകായുക്ത ചെയർമാൻ ജസ്റ്റിസുമായ സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (എ.ഐ.ഒ.ടി.എ) അറുപത്തിയൊന്നാമത് ദേശീയസമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. കലൂരിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി കേരള ലോകായുക്ത ചെയർമാനും സുപ്രീംകോടതി മുൻ ജസ്റ്റിസുമായ സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന മൗലികമായി നൽകുന്നതാണെന്നും, അതിൽ ആരോഗ്യത്തിന് വലിയ പങ്കുണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ജനങ്ങൾക്ക് നേടിക്കൊടുക്കുന്നതിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ കുട്ടികൾക്ക് സൗജന്യ ഭിന്നശേഷിനിർണയവും രക്ഷിതാക്കൾക്ക് പരിശീലനവും നൽകുന്ന ''ചിറക്'' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തൃക്കാക്കര എംഎൽഎ ഉമ തോമസ് നിർവഹിച്ചു.
ഒക്യുപേഷണൽതെറാപ്പി രംഗത്ത് ആഗോളതലത്തിൽ നടക്കുന്ന ഏറ്റവും വിപുലമായ സമ്മേളനങ്ങളിൽ ഒന്നാണ് ഓറ്റിക്കോൺ 2024. ''ഒക്യുപേഷണൽ തെറാപ്പിയിലൂടെ മായാജാലം സൃഷ്ടിക്കാം'' എന്നതാണ് ഇത്തവണത്തെ പ്രമേയം. ഈ മേഖലയിലെ നൂതനമായ സാങ്കേതികവിദ്യകളും രീതികളും പ്രശ്നപരിഹാരമാർഗങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ഗവേഷകരും ഒക്യുപേഷണൽതെറാപ്പി ചെയ്യുന്നവരും അവരുടെ അറിവും അനുഭവങ്ങളും നേരിട്ട് പങ്കുവെയ്ക്കും. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട പതിനഞ്ചോളം വിശിഷ്ടവ്യക്തികൾ സംസാരിക്കും. മുപ്പതോളം വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും.
ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുള്ള വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തികൾ ചെയ്യാൻ സഹായിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് ഒക്യുപേഷണൽ തെറാപ്പി. അസുഖങ്ങൾ കാരണമോ പരിക്ക് കാരണമോ വൈകല്യങ്ങൾ കാരണമോ ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ചികിത്സ. ഇതിന് പ്രായം ഒരു തടസമല്ല.
സമ്മേളനത്തോട് അനുബന്ധിച്ച് പതിനഞ്ചോളം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷനാണ് സംഘാടന ചുമതല. കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ്, AIOTA പ്രസിഡന്റ് ഡോ. അനിൽ കുമാർ ശ്രീവാസ്തവ, സമ്മേളനത്തിന്റെ സെക്രട്ടറി ഡോ. ജോസഫ് സണ്ണി, കോൺഫറൻസ് കോർഡിനേറ്റർ ഡോ. ലക്ഷ്മണൻ സേതുരാമൻ, അഇഛഠ ഡീൻ ഡോ. ജ്യോതിക ബിജ്ലാനി എന്നിവർ സന്നിഹിതരായിരുന്നു.
മറുനാടന് ഡെസ്ക്