തിരുവനന്തപുരം: സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. സത്യം അധികകാലം മൂടിവെക്കാൻ സാധിക്കില്ല. ജനാധിപത്യത്തിൽ സത്യം അറിയാനുള്ള അവകാശം ജനങ്ങൾക്കുമുണ്ടെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരായ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് മുഖ്യപ്രതി സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിക്കായി ദുബൈയിലേക്ക് ഒരു ബാഗ് നിറയെ കറൻസി കടത്തിയെന്നും കോൺസുലേറ്റ് ജനറലുടെ ഓഫിസിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഇടക്കിടെ കൊടുത്തുവിട്ട ബിരിയാണി പാത്രങ്ങളിൽ, ലോഹങ്ങളും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രൻ എന്നിവർക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സംബന്ധിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.