തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലർ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്‌ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രയാസം അനുഭവിക്കുന്നവർ ഓണം ആഘോഷിക്കണമെന്ന് കരുതി സർക്കാർ ഇടപെട്ട് 18,000 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ നടൻ ഫഹദ് ഫാസിൽ, നർത്തകി മല്ലിക സാരാഭായി എന്നിവർ മുഖ്യാതിഥികളായി. ഓഗസ്റ്റ് 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ നടക്കുക.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായ ഓണത്തിന് ചാരുതയേറ്റാൻ വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരത്തിലും മറ്റു ജില്ലകളിലുമായി എഴ് ദിവസം വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളൊരുക്കിയിട്ടുണ്ട്. ഓരോ ജില്ലയുടെയും സാംസ്‌കാരികവും ചരിത്രപരവുമായ സവിശേഷതകളോടെ ഒരുക്കിയിട്ടുള്ള വേദികൾ തനത് കേരളീയ കലാരൂപങ്ങൾക്കും ജനപ്രിയ കലാവതരണങ്ങൾക്കും സാക്ഷ്യം വഹിക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമാണ് എല്ലാ ജില്ലകളിലും ഓണാഘോഷത്തിന് നേതൃത്വം നൽകുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണ സങ്കല്പം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുറച്ചു ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്ത് ഓണം നല്ല നിലയിൽ ആഘോഷിക്കാൻ സാധിക്കുമോ എന്ന ആശങ്ക ചിലർ പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തികച്ചും തെറ്റാണ് എന്ന് ഇപ്പോൾ തെളിഞ്ഞു. സംസ്ഥാനത്തെ റോഡുകളും തെരുവുകളും പട്ടണ പ്രദേശങ്ങളും ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇത്തരം പൊളി വചനങ്ങൾ പ്രചരിപ്പിക്കുന്നവരെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പലയിടങ്ങളിലും നമ്മുടെ രാജ്യത്തും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലിയതോതിൽ കൂടുകയാണ്. എന്നാൽ സംസ്ഥാനത്ത് ആ അന്തരം നല്ല രീതിയിൽ കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാർ പിന്തുണ നൽകി. വരുമാനം പലവിധത്തിൽ നിലച്ചു പോയവരെ കണക്കിലെടുത്ത് അവർക്ക് സഹായം നൽകി.60 ലക്ഷം പേർക്ക് സാമൂഹ്യ പെൻഷൻ വിതരണം ചെയ്തു വരുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം ഏറെ മെച്ചപ്പെട്ടു. വിദൂര ഗ്രാമങ്ങളിൽ പോലും മികവാർന്ന വിദ്യാഭ്യാസം ലഭ്യമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി ഉണ്ടാക്കിയ ഈ നേട്ടം ദേശീയതലത്തിൽ നിരന്തരം സംസ്ഥാനത്തിന് അംഗീകാരം നേടിത്തരികയാണ്.

സംസ്ഥാനത്തെ ആരോഗ്യരംഗം എങ്ങനെ ഉയർന്നുനിൽക്കുന്നു എന്ന് കോവിഡ് കാലഘട്ടം നമ്മെ ബോധ്യപ്പെടുത്തി.വികസിത രാഷ്ട്രങ്ങൾ പോലും കോവിഡിന് മുന്നിൽ മുട്ടുകുത്തിയപ്പോൾ നമ്മുടെ ആരോഗ്യ സംവിധാനം മികവു പുലർത്തി. ബെഡ്ഡുകളോ ഓക്‌സിജൻ സിലിണ്ടറുകളോ വെന്റിലേറ്ററുകളോ ഇല്ലാത്ത സാഹചര്യം സംസ്ഥാനത്ത് ഉണ്ടായില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി. താലൂക്ക് ആശുപത്രികളെ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യത്തിലാക്കി.ഇതുവഴി എല്ലാവർക്കും ചികിത്സ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായി.

പാവപ്പെട്ടവർക്ക് സ്വന്തം കിടപ്പാടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആവിഷ്‌കരിച്ച ലൈഫ് പദ്ധതിയിലൂടെ ഇതിനോടകം നാലു ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി. സംസ്ഥാനത്ത് ജനസംഖ്യയുടെ 0.7 ശതമാനം ആളുകൾ അതി ദരിദ്രാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.64,000പേർ ഇതിൽ ഉൾപ്പെടുന്നു. ഇവരെ അതിദാരിദ്ര്യവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മൈക്രോ പ്ലാൻ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങൾ വഴി ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.2024 നവംബറോടെ ഇതിൽ ഭൂരിഭാഗം പേരുടെയും ദാരിദ്ര്യവസ്ഥ മാറ്റുകയും 2025 നവംബർ ഒന്നോടെ പരമ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം.

നവകേരളം സൃഷ്ടിക്കാനുള്ള പ്രയത്‌നത്തിലാണ് സർക്കാർ.25 വർഷത്തെ പ്രയത്‌നം വഴി ഇത് യാഥാർത്ഥ്യമാക്കാൻ ആണ് ശ്രമം. ലോകത്തെ വികസിത മധ്യ വരുമാന രാജ്യങ്ങളിലെ നിലവാരത്തിന് സമാനമായി കേരള ജനതയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. അതു നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒരുമയ്ക്ക് കാരണം നമ്മുടെ മതനിരപേക്ഷ ബോധം ആണെന്നും ഇത് മുറുകെ പിടിക്കാൻ നാമെല്ലാവരും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു