- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊർണൂരിൽ ഒരുവയസുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മ നിരപരാധി; കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം; അമ്മയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു; കസ്റ്റഡിയിൽ എടുത്തതുകൊലപാതകമെന്ന് സംശയിച്ച്
പാലക്കാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ അമ്മ നിരപരാധിയെന്ന് പൊലീസ്. ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് സ്ഥിരീകരിച്ചു. പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയാണ് യുവതിയും നേരത്തെ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തും കുഞ്ഞുമായി ഷൊർണൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. ആശുപത്രിയിലെത്തും മുൻപു കുഞ്ഞ് മരിച്ചതിനാൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലപാതകമാണെന്ന സംശയത്തെ തുടർന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, മരണത്തിന് കാരണമാകുന്ന ക്ഷതങ്ങളില്ലെന്നാണു കണ്ടെത്തലെന്നു പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണു യുവതിയെ വിട്ടയച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ശികന്യയെന്നാണ് കുഞ്ഞിന്റെ പേര്.
ആശുപത്രിയിലെത്തിക്കും മുൻപ്, യുവാവ് ജോലി ചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിലെത്തിയ യുവതി കുഞ്ഞിനെ ഇവിടെ നിലത്ത് വയ്ക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. യുവാവും സഹപ്രവർത്തകരും പൊലീസിനെ അറിയിച്ചപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനായിരുന്നു നിർദ്ദേശം. ആശുപത്രിയിലെത്തിച്ച ഘട്ടത്തിലാണ് കുഞ്ഞ് മണിക്കൂറുകൾക്കു മുൻപു മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീടാണു പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ