- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരെയും കുറ്റപ്പെടുത്താന്‍ പറ്റുന്ന ദുരന്തമല്ലിത്; മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷ നേതാവ്
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു പുഴ കൂടി ഉണ്ടായി ഒരു പ്രദേശമാകെ ഉരുളെടുത്ത് പോയിരിക്കുകയാണ്. സ്കൂള്‍ കെട്ടിടത്തില്‍ മരങ്ങളും കല്ലും തടഞ്ഞില്ലായിരുന്നെങ്കില്‍ ടൗണ്‍ പോലും ബാക്കിയുണ്ടാകില്ലായിരുന്നു. നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. ഒറ്റപ്പെട്ടു പോയവരെയും ഗുരുതരമായി പരിക്കേറ്റവരെയും അസുഖബാധിതരെയും എത്രയും വേഗം ആശുപത്രികളില്‍ എത്തിക്കുകയെന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
മരണത്തിന്റെ കണക്കെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇന്‍ക്വസ്റ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ആലോചനയിലാണ്. ദുരിതാശ്വാസത്തിനുള്ള എല്ലാ വഴികളും നോക്കുന്നുണ്ട്. എല്ലാ ഏജന്‍സികളുമായി ചേര്‍ന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യാനുള്ള പ്ലാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്താന്‍ പറ്റുന്ന ദുരന്തമല്ലിത്. ഓര്‍ക്കാന്‍ പോലും പറ്റാത്ത ദുരന്തമാണ് ഉണ്ടായത്. അതിനെ മറികടക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗം നമുക്ക് മുന്നിലില്ല.