- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ നഗ്‌നത പ്രദർശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓർത്തഡോക്‌സ് സഭ; ഫാദർ ജേജിസിനെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി
കാസർകോഡ്: ട്രെയിനിൽ നഗ്‌നത പ്രദർശനം നടത്തിയെന്ന പരാതിയിൽ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓർത്തഡോക്‌സ് സഭ. കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്ത ഫാദർ ജേജിസിനെതിരെയാണ് നടപടി. എല്ലാ ചുമതലകളിൽ നിന്നും വൈദികനെ മാറ്റി നിർത്തിയിട്ടുണ്ട്. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ വച്ചാണ് നഗ്‌നതാ പ്രദർശനം നടത്തിയത്.
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. 48 വയസുകാരനായ ഇയാൾ കോയമ്പത്തൂരിൽ പള്ളി വികാരിയാണ്.
യാത്രയിൽ യുവതിക്കൊപ്പം മറ്റൊരു കമ്പാർട്ട്‌മെന്റിൽ ഭർത്താവും ഉണ്ടായിരുന്നു. സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിച്ചു. പിന്നീട് ഇയാളെ കാസർകോട് റെയിൽവേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയക്കുകയായിരുന്നു.