- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി പി.ജയരാജൻ
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളി വേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല. വിഡ്ഢി വേഷങ്ങൾ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ലെന്ന് പി ജയരാജൻ പറഞ്ഞു.
'തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവർണർ. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായിൽ തോന്നിയത് വിളിച്ചു പറയുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ഏജന്റിനെ പോലെ ഗവർണർ പ്രവർത്തിക്കുകയാണ്. ഗവർണർ സർക്കാറിനെ വെല്ലുവിളിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രസർക്കാരിന് വേണ്ടി മാസങ്ങളോളം പിടിച്ചു വെക്കുന്നു. ബില്ലിന് മേൽ അടയിരിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്.' ഭരണഘടനയെയും സുപ്രീംകോടതി വിധിയെയും പരിഹസിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകൻ ജിബിൻ.പി മൂഴിക്കൽ അനുസ്മരണത്തിന്റെ ഭാഗമായി 'ഗവർണർ പദവി; കൊളോണിയൽ അവശേഷിപ്പോ അനിവാര്യതയോ?' എന്ന വിഷയത്തിൽ നടന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു പി.ജയരാജൻ.
കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് നല്ല വിനീത വിധേയരാവണമെന്നും അധികാര ഗർവോടെ പെരുമാറരുതെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു. ജനങ്ങളോട് അധികാര ഗർവോടെ പെരുമാറുകയല്ല കമ്യുണിസ്റ്റുകാർ ചെയ്യേണ്ടതെന്നും അത് പാർട്ടി തന്നെ അംഗീകരിച്ച കാര്യമാണെന്നും ജയരാജൻ പറഞ്ഞു. 'കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് നല്ല വിനീത വിധേയരാവണം. ജനങ്ങളുമായുള്ള ബന്ധം ദൃഢകരമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കിൽ പരിശോധിച്ച് തെറ്റ് തിരുത്താൻ പാർട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സിപിഎം. കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കമ്യുണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാവില്ല. തെരഞ്ഞെടുപ്പുകളിൽ തോറ്റെന്ന് കരുതി നിലപാടുകൾ എല്ലാം തെറ്റാണെന്ന് പറയാൻ പറ്റില്ല. കമ്യൂണിസ്റ്റുകാർക്ക് വോട്ടല്ല.' നിലപാടാണ് പ്രധാനം. നാല് വോട്ടിനേക്കാളും സീറ്റിനെക്കാളും വലുത് നാടിന്റെ നിലനിൽപ്പ് ആണെന്ന ദൃഢമായ നിലപാടെടുക്കുന്ന പാർട്ടി സിപിഎമ്മാണെന്നും പി ജയരാജൻ പറഞ്ഞു.