മലപ്പുറം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് തുടർച്ചയായി സംഭവിക്കുന്ന നാക്കു പിഴകൾ കോൺഗ്രസ് ഹൈക്കമാൻഡ് ഗൗരവമായി കാണണമെന്ന് മുസ്ലിം ലീഗ് നിയമസഭ ചീഫ് വിപ്പും, എം എൽ എയുമായ പി കെ ബഷീർ. അദ്ദേഹത്തിന്റെ തുടർച്ചയായ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ കേവലം നാക്കു പിഴയായി മാത്രം യു ഡി എഫ് അണികൾക്ക് കാണാനാകില്ല. യു ഡി എഫ് മൂല്യത്തിന് വിരുദ്ധമായ പ്രസ്താവനകൾ സഖ്യ കക്ഷികളേയും, അവരെ പിന്തുണയ്ക്കുന്ന ലക്ഷകണക്കിന് മതേതര വിശ്വാസികളേയും വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പി കെ ബഷീറിന്റെ വിമർശനം.

മതേതര മൂല്യത്തിൽ അധിഷ്ഠിതമായിരുന്നു എന്നും കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ. ഹൈക്കമാൻഡ് മുതൽ താഴെ തട്ടിലുള്ള നേതാക്കളും, പ്രവർത്തകരും വരെ ജാതി-മതഭേദമന്യേ ആളുകളെ സ്നേഹിക്കാനും, സേവിക്കാനും മുന്നിട്ട് നിൽക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റിന്റെ ഭാ?ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നത്. അതിന് അദ്ദേഹം മഹാനായ നെഹ്റുവിന്റെ മതേതര നിലപാടുകളെ വരെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നുവെന്നത് ഖേദകരമാണെന്ന് പി കെ ബഷീർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങളിൽ നിന്നുള്ള പൂർണമായ വ്യത്യചലനമാണിത്. യു ഡി എഫ് സഖ്യത്തിന് പിന്നിൽ അണിനിരക്കുന്ന ലക്ഷകണക്കിന് വരുന്ന കേരള ജനതയെ വഞ്ചിക്കുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മതേതര നിലപാടിൽ വിശ്വസിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അടക്കമുള്ള യു ഡി എഫ് സഖ്യകക്ഷികളേയും അദ്ദേഹത്തിന്റെ നിലപാട് ആശയ കുഴപ്പത്തിലാക്കുന്നു. ഈ പാർട്ടികളുടെ മതേതര നിലപാട് പോലും പൊതുജന മധ്യത്തിൽ ചോദ്യം ചെയ്യപ്പെടും വിധം പ്രസ്താവനകളും, നിലപാടുകളുമാണ് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ചു വരുന്നതെന്നത് വേദനാജനകമാണ്. മുസ്ലിം ലീ?ഗ് പാർട്ടി പ്രവർത്തകർക്ക് ഇത്തരം പ്രസ്താവനകൾ ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ഇത് ലീഗ് നേതൃത്വം ?ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പി കെ ബഷീർ പറഞ്ഞു.

ഒരു പ്രാവശ്യം നാക്ക് പിഴ സംഭവിക്കുന്നത് സ്വാഭാവികമായും മനസിലാക്കാം. പക്ഷേ തുടർച്ചയായി ഇദ്ദേഹത്തിന് എങ്ങനെ ഈ വിഷയത്തിൽ നാക്ക് പിഴ വരുന്നുവെന്ന മതേതര വാദികളുടെ ആശങ്ക ഹൈക്കമാൻഡ് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഷയം കോൺഗ്രസ് നേതൃത്വം വളരെ ഗൗരവമായി കാണണം. കേരളത്തിന്റെ മതേതര നിലപാടിന് വിള്ളൽ വീഴ്‌ത്തുന്ന ഇത്തരം പ്രസ്താവനകൾ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്നവരിൽ നിന്നും ഉണ്ടാകരുത്. വിമർശനങ്ങളെ എന്നും ജനാധിപത്യ ബോധത്തോടെ സ്വീകരിച്ച കോൺഗ്രസ് പാർട്ടി ഈ കാര്യങ്ങളും ഗൗരവമായും, വിഷയപരമായും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.