കണ്ണൂർ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ക്ഷണം കോൺഗ്രസ് ബഹിഷ്‌കരിക്കുന്നത് സമസ്തയെ പേടിച്ചിട്ടാണോയെന്ന കാര്യം കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ബി.ജെ. പി കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ വീണ്ടും രാഹുൽഗാന്ധിക്ക് മത്സരിക്കാനുള്ള വോട്ടുബാങ്ക് രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്്. മറ്റു സമുദായങ്ങൾക്കു വോട്ടുണ്ടെന്ന കാര്യം കോൺഗ്രസ് മറക്കരുതെന്നും 2019-ലെ അനുഭവം മറക്കരുതെന്നും പി.കെ കൃഷ്ണദാസ് മുന്നറിയിപ്പു നൽകി.
അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയെ രാഷ്ട്രീയവൽക്കരിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയമാണ്. ഇത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടണ്ടാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന ശ്രീരാമ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കേണ്ടണ്ടതില്ലെന്ന് കോൺഗ്രസിന്റെ കേരള നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ഇതിലൂടെ അത്യന്തം ആപൽക്കരമായ നീക്കമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തുന്നത്. ശ്രീരാമനിൽ കോൺഗ്രസിന് വിശ്വാസമില്ലെങ്കിൽ, വിയോജിപ്പുണ്ടെങ്കിൽ അതിൽ പങ്കെടുക്കാതിരിക്കാം വിയോജിക്കാം. അതിൽ തെറ്റില്ല. എന്നാൽ കോൺഗ്രസ് ശ്രീരാമ ചന്ദ്രനെ വർഗ്ഗീയവൽക്കരിക്കാൻ ശ്രമിക്കുന്നത് സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങിയും ജമാത്ത് ഇസ്ലാമി-പിഎഫ്‌ഐ, മുസ്ലിംലീഗ് എന്നിവയുടെ മുന്നിൽ മുട്ടുമടക്കിയിട്ടുമാണെങ്കിൽ അക്കാര്യം തുറന്നു പറയാൻ തയ്യാറാവണം.

തങ്ങൾ ഇത്തരം സംഘടനകളോടൊപ്പമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. ശ്രീരാമനോടും പ്രാണപ്രതിഷ്ഠയ്ക്കും എതിരാണെന്ന് പറയണം. അല്ലാതെ ബിജെപിയുടേയും സംഘപരിവാർ സംഘടനകളുടേയും നരേന്ദ്ര മോദിയുടേയും തലയിൽ കെട്ടിവെയ്ക്കുന്നത് അപലപനീയമാണ്. സമസ്തയുടെ നിലപാടാണോ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്ന് വ്യക്തമാക്കണം. കേരളത്തിലെ കോൺഗ്രസും സിപിഎമ്മും നേരത്തെ തന്നെ അയോദ്ധ്യയിൽ ശ്രീരാമ സ്മാരകമല്ല ബാബറി സ്മാരകമാണ് പണിയേണ്ടതെന്ന് സംയുക്തമായി നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.

ദേശീയ നേതൃത്വം നയം വ്യക്തമാക്കണം. സംഘടനകളുടെ സമ്മർദ്ദത്തിന് കോൺഗ്രസ് ദേശീയ നേതൃത്വം വഴങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയാണെങ്കിൽ സോമനാഥ ക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് മന്ത്രിമാരടക്കം നേതൃത്വം നൽകിയത് തെറ്റാണെന്ന് പറയണം. മാത്രമല്ല മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്ന രാമരാജ്യ സങ്കൽപ്പം തെറ്റാണെന്നു പറയാനും ഗാന്ധിജിയെ തള്ളിപ്പറയാനും തയ്യാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. സിപിഎം ജിഹാദി സംഘങ്ങളോടൊപ്പമാണ് എല്ലാം കാലത്തും നിലകൊണ്ടത്. ഇക്കാര്യം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി തന്നെ കണ്ണൂരിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനാൽതന്നെ 2024ലെ തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. സിപിഎം എന്നും ദേശവിരുദ്ധരോടൊപ്പമാണ്. എന്നാൽ കോൺഗ്രസിന് ഇതേ നിലപാടാണോയെന്ന് വ്യക്തമാക്കണം. ക്ഷേത്രത്തിലെ ആചാര വിശ്വാസങ്ങളിൽ വിലക്കേർപ്പെടുത്താൻ സമസ്തയ്‌ക്കെന്തധികാരമാണുള്ളത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമ്മിച്ചത്. എല്ലാവരുടേയും ആഗ്രഹത്തിന്റെ ഫലമാണ് ക്ഷേത്രം.

വോട്ടുബാങ്ക് മാത്രം ലക്ഷ്യവച്ചാണ് ഇടതും വലതും നിലപാടെടുത്തിരിക്കുന്നത്. നിലപാട് മഹാഭൂരിപക്ഷത്തിന്റെ വികാരത്തിനെതിരാണെന്ന് ഇരുവരും മനസ്സിലാക്കണം. ഇത് കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സമരസതയ്ക്കും സാമുദായിക സൗഹൃദത്തിനും വലിയ വിഘാതം സൃഷ്ടിക്കും. ഇത്തരം നിലപാടിൽ നിന്ന് സംഘടനകൾ പിന്മാറണമെന്നാണെന്നാണ് ബിജെപിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി ബിജുഏളക്കുഴി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.