ചെന്നൈ:സംസ്ഥാന സർക്കാരും-ഗവർണറുമായുള്ള തർക്കത്തിൽ വീണ്ടും തണുപ്പൻ നിലപാടുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.ഗവർണറുടെ ജനാധിപത്യ വിരുദ്ധത എന്ന വിഷയത്തിൽ എതിർപക്ഷത്തുള്ളത് ബിജെപി മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവർണർമാരുടെ ഫെഡറൽ വിരുദ്ധതയാണ്.ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ ഇടപെടൽ ദേശീയ വിഷയമാണെന്നും മതേതര പാർട്ടികൾക്ക് എല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേ സമയം ചെന്നൈയിൽ രാവിലെ തമിഴ്‌നാട് ഗവർണറുമായുള്ള സർക്കാരിന്റെ തർക്കത്തിൽ പ്രതികരിക്കവേ രൂക്ഷ വിമർശനമാണ് കുഞ്ഞാലിക്കുട്ട്ി ഉന്നയിച്ചത്.ഗവർണർമാരുടെ അനാവശ്യമായ ഇടപെടൽ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.അതേ സമയം കേരളത്തിൽ ഗവർണർ - സി പി എം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ഗവർണർ - സി പി എം ഒത്തുകളി ആരോപണം ഉന്നയിക്കുമ്പോളാണ് ലീഗ് നിലപാട് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്.

കോൺഗ്രസിന്റെ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശശി തരൂർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളുടെ അടുത്ത് വരുന്നത് പതിവുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.