തിരുവനന്തപുരം: അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്നോളജി സ്പോട്സിന്റെ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി പി. രാജീവ്. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്പോട്സ് ഇൻഡസ്ട്രി എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ടെക്നോളജി ഓരോ കായിക മേഖലയിലും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ കായിക മേഖലയ്ക്ക് പ്രയോജനപ്പെടും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരളത്തിലാണ്. ഇതും സഹായകമാകും.

വീഡിയോ ഗെയിം കയറ്റുമതിയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കായിക പരിശീലനത്തിനും സാങ്കേതികവിദ്യ ഉപയോഗിക്കും. സ്പോട്സ് അപ്പാരൽ മാനുഫാക്ച്ചറിങ് യൂനിറ്റിലും കേരളം ഫോക്കസ് ചെയ്യുന്നുണ്ട്. അതുപോലെ ഇൻഡോർ ഗെയിം സാധനങ്ങളുടെ നിർമ്മാണത്തിലും സംഭാവന നൽകാനാകും. സംസ്ഥാന സ്പോട്സ് ഇൻഡസ്ട്രി മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്പോട്സ് ഇൻഡസ്ട്രിക്ക് വേണ്ട പിന്തുണ നൽകുമെന്ന് നിവ്യ സ്പോട്സ് സിഇഒ രാജേഷ് ഖരാബന്ദ ഉറപ്പുനൽകി. കായിക രംഗത്തെ വരുമാനം സിനിമ, വിനോദ വ്യവസായത്തേക്കാൾ അഞ്ച് മടങ്ങ് വലുതാണ്. സ്പോട്സ് അസോസിയേഷനുകൾ ഇന്ത്യൻ സ്പോട്സ് ഉത്പന്നങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവരും സംസാരിച്ചു.